ശാസത്ര ലോകത്തേക്ക് ചുവടുറപ്പിക്കാനുറച്ച് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍..ശാസ്ത്രപഥo വിജയത്തിലേക്ക്..

Category : | Sub Category : Innovative all Posted on 2019-01-23 11:39:10
State/District: SSA SPO


ശാസത്ര ലോകത്തേക്ക് ചുവടുറപ്പിക്കാനുറച്ച് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍..ശാസ്ത്രപഥo വിജയത്തിലേക്ക്..

ജപ്പാനിലെ അതിവേഗ ട്രെയിന്‍ മണിക്കൂറില്‍ 500 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മുന്നിലുള്ള സ്ക്രീനില്‍ കണ്ട ശേഷം പ്ലസ് വണ്‍ കാരിയായ ഷെഹീനാ മാഹീന്‍ അതിന്‍റെ ശാസ്ത്ര തത്വവും ഇന്ത്യയിലെ സാധ്യതയെപ്പറ്റിയും ചോദിച്ചത് കേട്ട് കൈയ്യടിയോടെയാണ്  NIIST യിലെ ശാസ്ത്രജ്ഞനായ ഡോ. മനോജ് രാമവര്‍മ്മ തന്‍റെ മറുപടി ആരംഭിച്ചത്. കാരണം മാഗ്നറ്റിക്ക് എനര്‍ജിയുടെ അനന്തമായ സാധ്യതയെ ഹയര്‍സെക്കണ്ടറിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി അടുത്തറിഞ്ഞതിന്‍റെ സന്തോഷമായിരുന്നു അദ്ദേഹത്തിന്‍റെ അനുമോദനങ്ങള്‍ക്ക് പിന്നില്‍. സംസ്ഥാനത്തെമ്പാടുമായി വിവിധ സര്‍വ്വകലാശാലകള്‍ക്കു കീഴിലുള്ള തെരെഞ്ഞെടുക്കപ്പെട്ട കോളേജുകളില്‍ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ശാസ്ത്രപഥം ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പുകളിലാണ് കുട്ടികളിലെ ശാസ്ത്ര മികവുകളുടെ  പ്രതിഫലനം കണ്ടുവരുന്നത്.  വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധവും ഗവേഷണപാടവവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ, കേരളം, ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് സംയുക്തമായാണ് ശാസ്ത്രപഥം ക്യാമ്പുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്.  തിരുവനന്തപുരം എം.ജി.കോളേജില്‍ ജനുവരി 19, 20, 21 തീയതികളിലായി നടന്ന ശാസ്ത്രപഥം ക്യാമ്പില്‍ തിരുവനന്തപുരം ജില്ലയിലെ 12 ബി.ആര്‍.സി.കളില്‍ നിന്നായി 48 കുട്ടികളാണ് പങ്കെടുത്തത്. ശാസ്ത്ര രംഗത്തെ അത്യാധുനിക മേഖലകളില്‍ പ്രശസ്തിയാര്‍ജ്ജിച്ചവരാണ് ശാസത്രപഥം ക്യാമ്പിനെ നയിച്ചത്. ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അതീവ താല്‍പര്യത്തോടെ ലക്ഷ്യപ്രാപ്തിയിലെത്താവുന്ന ശാസ്ത്ര കോഴ്സുകളും അവയുടെ  സാധ്യതകളും പ്രധാനമായും ക്യാമ്പില്‍ ചര്‍ച്ച ചെയ്തു. ഓരോ സെഷനുകളും പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗ്രൂപ്പ് ഡിസ്ക്കഷനും അതിനുശേഷമുള്ള തുടര്‍ പ്രവര്‍ത്തനങ്ങളുമടക്കം പ്ലാന്‍ ചെയ്താണ് ക്യാമ്പിന്‍റെ ഓരോ ദിനവും കടന്നുപോയത്. എം.ജി. കോളേജിലെ ഫിസ്ക്സ്, സുവോളജി, കെമിസ്ട്രി ലാബുകളില്‍ കുട്ടികള്‍ക്ക് പരിശീലനമുണ്ടായിരുന്നു. ഭൂമിശാസ്ത്രപരമായ വിഷയങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിന്‍റെ ഭാഗമായി ആക്കുളത്തുള്ള നാഷണല്‍ സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (NICESS)  സന്ദര്‍ശനവും ഇതോടൊപ്പം നടന്നു. സമഗ്രശിക്ഷ, കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എ.കെ. സുരേഷ്കുമാറിന്‍റെ മേല്‍നോട്ടത്തില്‍ എം.ജി. കോളേജിലെ അസോ. പ്രൊഫ.ഡോ. എന്‍ ഗോപകുമാറാണ് ശാസ്ത്രപഥം ക്യാമ്പിന്‍റെ ചുമതല നിര്‍വ്വഹിച്ചത്. 
Search
Categories
Recent News