സ്ത്രീ ശാക്തീകരണത്തിനായുള്ള സമഗ്ര ശിക്ഷയുടെ ജ്വാല ക്യാമ്പുകൾ ആവേശകരമാകുന്നു..

Category : | Sub Category : Samagra Shiksha Kerala Posted on 2019-01-21 15:43:58
State/District: SSA SPO


സ്ത്രീ ശാക്തീകരണത്തിനായുള്ള സമഗ്ര ശിക്ഷയുടെ ജ്വാല ക്യാമ്പുകൾ ആവേശകരമാകുന്നു..

തിരുവനന്തപുരം : സമഗ്ര ശിക്ഷ,കേരളം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മണ്ഡലത്തെ ചടുലമായി, സർഗാത്മകമാക്കി മാറ്റിയെടുക്കുന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ് ജ്വാല ക്യാമ്പുകൾ. അടിച്ചമർത്തപ്പെടാനും,പാർശ്വവൽക്കരിച്ചകറ്റി നിർത്തുവാനും വേണ്ടിയല്ല പെൺ ജീവിതങ്ങളെന്ന സമഗ്ര കാഴ്ചപ്പാടൊരുക്കിയാണ് ജില്ലകളിലെമ്പാടും ജ്വാല ക്യാമ്പുകൾ മുന്നേറുന്നത്. ക്യാമ്പുകളിൽ നിന്നും ആവേശകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.സംസ്ഥാനത്തെ എല്ലാ ബി ആർ സികളിൽ നിന്നും 2 മുതൽ 5  വരെ കുട്ടികളെയാണ് ക്യാമ്പിൽ പങ്കെടുപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ജ്വാല ക്യാമ്പ് തലസ്ഥാന നഗരിയിൽ പഴമയുടെ ഗൃഹാതുരത്വം പേറുന്ന സ്വാതി തിരുനാളിന്റെ ജന്മം കൊണ്ടനുഗ്രഹീതമായ അമ്മവീടെന്ന ഇപ്പോഴത്തെ മിത്രനികേതനിലാണ് പൂർത്തിയായത്.ജില്ലയിലെ 12   ബി ആർ സികളിൽ നിന്നായി 31 പെൺകുട്ടികളാണ് ജനുവരി 18 ആരംഭിക്കുകയും 21 അവസാനിക്കുകയും  ചെയ്ത  ക്യാമ്പിൽ പങ്കാളികളായത്.കില ചെയർമാൻ വി.ശിവൻകുട്ടിയായിരുന്നു  ക്യാമ്പിന്റെ ഉദ്ഘാടനം  നിർവഹിച്ചത്.തൃശൂർ ഡ്രാമ സ്കൂളിലെ അസി.പ്രൊഫസറായ  രാജേഷ് നാവത്ത്  നയിച്ച ക്യാമ്പിൽ 7 ,8 ,9 ക്ലാസുകളിലെ പെൺകുട്ടികളാണ് പരിശീലനം നേടിയത്.സ്കൂൾ തലത്തിലേ പെൺകുട്ടികളിൽ മികച്ച പ്രതികരണശേഷിയും സർഗാത്മക ശേഷിയും ഉള്ളവരാക്കി വ്യക്ത്യമായ കാഴ്ചപ്പാടുള്ള പുതുതലമുറയെ സൃഷ്ടിക്കുക  എന്ന സാമൂഹ്യപരമായ ഉത്തരവാദിത്വം കൂടിയാണ് ജ്വാല തിയേറ്റർ ക്യാമ്പുകളിലൂടെ സമഗ്ര ശിക്ഷ ലക്ഷ്യമിടുന്നത്.ക്യാമ്പിന്റെ അവസാന ദിനത്തിൽ കുട്ടികളിൽ ഉണ്ടായ മാറ്റവും, സർഗ്ഗശേഷിയും നേരിൽ കണ്ടറിഞ്ഞ രക്ഷകർത്താക്കളിൽ അമ്പരപ്പും,അഭിമാനവും തുടിക്കുന്ന പ്രതികരണങ്ങളാണുണ്ടായത്.  ക്യാമ്പ് സംഘടിപ്പിച്ച സമഗ്ര ശിക്ഷയ്ക്കും രാജേഷ് മാഷിനും കൂട്ടുകാർക്കും  നിറകണ്ണുകളോടെ നന്ദി പറഞ്ഞാണ്തിരുവനന്തപുരത്തെ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ യാത്രപറഞ്ഞിറങ്ങിയത്..     


Search
Categories
Recent News