കണക്കിലെ രസതന്ത്രം നുകർന്ന് നന്ദിത...

Category : GENERAL | Sub Category : Media and community mobilization Posted on 2019-12-04 13:31:05
State/District: SSA SPO


 കണക്കിലെ   രസതന്ത്രം നുകർന്ന് നന്ദിത...

സ്ഥലം ലോക ഭിന്നശേഷി ദിനാചരണത്തിന്റെ  സംസ്ഥാനതല ഉദ്ഘാടനവേദി.  കൗതുക കണ്ണുകളുമായി ചുറ്റും നടക്കുന്ന ബഹളങ്ങളിൽ നിന്നൊഴിഞ്ഞൊരു പെൺകുട്ടി തന്റെ ചക്രകസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു.വിശിഷ്ടാതിഥികളുടെ സ്വീകരണത്തിനായി  ചുറ്റും ഓടി നടക്കുന്നവരെയും, തിരക്കുകൂട്ടുന്നവരെയും പരതിയിരുന്ന അവളുടെ അരികിലേക്ക് നിറഞ്ഞ പുഞ്ചിരിയോടെ ഒരാൾ വന്നിരുന്നു.  അദ്ദേഹം അവളെ പരിചയപ്പെട്ടു.വിവരങ്ങളൊക്കെ അന്വേഷിച്ച ശേഷം തന്റെ കൈയിലുണ്ടായിരുന്ന ചെറുകടലാസിൽ ചിലതെല്ലാം കുറിച്ചു.അവളോടതൊക്കെ അറിയാമോ എന്നാരാഞ്ഞു. കൗതുകത്താൽ  അവളുടെ കണ്ണുകളിൽ സന്തോഷം പടരുന്നതായി തോന്നി.അരിത്തമാറ്റിക്സ് സ്വീക്വൻസിന്റെ രസകരമായ തിട്ടപ്പെടുത്തൽ കൂടിയായപ്പോൾ അതിലേറെ ആഹ്ലാദവും.. തന്റെ അടുത്തിരുന്നു കണക്കിലെ രസകരമായ നുറുങ്ങുകൾ പകർന്നു തന്നത് സമഗ്ര ശിക്ഷ കേരളയുടെ ഡയറക്ടർ ഡോ.എ പി കുട്ടികൃഷ്ണൻ മാഷാണെന്നു കൂടി അറിഞ്ഞപ്പോൾ നന്ദിതക്ക് അടക്കാനാകാത്ത സന്തോഷവും .

പനവൂർ PHMKMVHസിലെ എസ് എസ് എൽ സി വിദ്യാർത്ഥിനിയായ  നന്ദിതയ്ക്ക് എട്ടു വയസുള്ളപ്പോഴാണ്  സുഷുമ്ന നാഡിയെ ബാധിക്കുന്ന എ ഡി എം എന്ന ചുരുക്കപ്പേരിലറിയപെടുന്ന അസുഖം ബാധിച്ചത്. ശരീരത്തിന്റെ ചലനങ്ങളെ തീർത്തും നശിപ്പിച്ച അസുഖത്തെ തോൽപ്പിച്ച്, അമ്മയുടെയും ചേച്ചിയുടെയും അച്ഛൻ ബിജുവിന്റെയും പരിപൂർണ പിന്തുണയോടെ   മിടുക്കിയായി പഠിച്ചു മുന്നേറാൻ കഴിയുന്നത് നന്ദിതയുടെ  മാനസികമായ ഇശ്ചാശക്തി ഒന്നുകൊണ്ട് മാത്രമാണ്  . സോൾ (ആത്മാവ്)എന്ന തന്റെ കവിതസമാഹാരത്തിലെ എന്റെ നാട് എന്ന കവിത  ഉദ്ഘാടനവേദിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചൊല്ലിയപ്പോൾ നന്ദിതയിലെ കവിഭാവം സദസ്സും ഏറ്റെടുത്തിരുന്നു.. നന്ദിതയ്ക്കു വേദിയിൽ ഉപഹാരം  നൽകിയതും , സ്പീക്കറിനും  മന്ത്രിയ്ക്കുമൊപ്പമുള്ള ഫോട്ടോയെടുത്തതും  ഡോ.എ പി കുട്ടികൃഷ്ണൻ മാഷായിരുന്നു.


Search
Categories
Recent News