ആവോ ബച്ചോം.. ഹിന്ദി എളുപ്പം പഠിക്കാലോ...

Category : GENERAL | Sub Category : Media and community mobilization Posted on 2019-11-27 10:47:15
State/District: SSA SPO


ആവോ ബച്ചോം.. ഹിന്ദി എളുപ്പം പഠിക്കാലോ...

തിരുവനന്തപുരം: സമഗ്രശിക്ഷാ കേരളം സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരുന്ന സുരീലി ഹിന്ദി പദ്ധതിയുടെ ഭാഗമായി  കിളിമാനൂര്‍ ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് മികച്ച ഹിന്ദി പരിശീലനം നടത്തുന്നതിനുള്ള ഹിന്ദി ഭാഷാ ലാബ് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നു. കിളിമാനൂര്‍ ഗവ. ഠൗണ്‍ യു.പി. സ്കൂളിലാണ് ലാബ് പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് അനായാസമായി ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള വിവിധ ചാപ്റ്ററുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഹിന്ദി ഭാഷാ ലാബ് സജ്ജീകരിച്ചിരിക്കുന്ന ക്ലാസ് മുറിയില്‍  സ്ഥാപിച്ചിട്ടുള്ള വലിയ സ്ക്രീനില്‍ ദൃശ്യങ്ങള്‍ തെളിയും. ഇതുമായി ബന്ധപ്പിച്ചിട്ടുള്ള ഇയര്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍ ഓരോ കുട്ടിക്കും ലഭിക്കും. പദസ്ഥിരത ഉറപ്പാക്കുന്നതിനുള്ള  വൊക്കാബുലറി ബില്‍ഡിംഗ് ആണ് ആദ്യ ഘട്ടം. ചെറിയ വാക്കുകളിലൂടെ തുടങ്ങി വലിയ പദാവലികള്‍ ഉപയോഗിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നു. 

സചിത്ര വിവരണമാണ് അടുത്ത ഘട്ടം. ഗുണപാഠ കഥകള്‍ ഉള്‍പ്പെടെയുള്ളവ ദൃശ്യങ്ങളായി കുട്ടികള്‍ക്ക് മുന്നിലെത്തും. ഈ ലാബ് പ്രവര്‍ത്തിപ്പിക്കാന്‍ അധ്യാപകന്‍റെ സാന്നിദ്ധ്യം ആവശ്യമില്ലാ എന്നതാണ് മറ്റൊരു പ്രത്യേകത. ഒരേ സമയം 30 കുട്ടികള്‍ക്ക് ഹിന്ദി ഭാഷാ ലാബില്‍ പരിശീലനം സാധ്യമാകും. സമഗ്ര ശിക്ഷാ കേരളം 2017 മുതൽ നടപ്പിലാക്കി വരുന്ന സൂരിലി ഹിന്ദിയുടെ പരിശീലന മാതൃകകളുടെ ചുവടുപിടിച്ചാണ് ഹിന്ദി ഭാഷാ ലാബിൻറെ പ്രവർത്തനം.  


Search
Categories
Recent News