പൊതുവിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ സമൂഹം ഒന്നാകെ ഏറ്റെടുത്തതോടെ ഈ മുന്നേറ്റത്തിന് ആക്കം കൂടിയിരിക്കുന്നു. കാലാകാലം കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച് മുന്നോട്ടു വയ്ക്കുന്ന പദ്ധതികളെ സംസ്ഥാനത്തിന്‍റെ പൊതു മുന്നേറ്റത്തിന് അനുഗുണമാംവിധം ഭാവനാത്മകമായി പുനരാവിഷ്കരിക്കുന്നതിലും നിലവിലുള്ള പദ്ധതികളില്‍ വിളക്കിച്ചേര്‍ക്കുന്നതിനും നാം വിജയിച്ചു പോരുന്നുണ്ട്. നിലവിലുള്ള പരിവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ ഉതകുന്നതും നാം ഇതിനിടയിലും നേരിട്ടുകൊണ്ടിരിക്കുന്ന ചില പരിമിതികളെ മറികടക്കാന്‍ സഹായിക്കുന്നതുമായ ഒട്ടേറെ ഘടകങ്ങള്‍ സമഗ്ര ശിക്ഷാ പദ്ധതിയില്‍ അടങ്ങിയിരിക്കുന്നു. സര്‍വശിക്ഷാ അഭിയാനും (എസ്.എസ്.എ.) രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും (ആര്‍.എം.എസ്.എ.) യോജിപ്പിച്ചുകൊണ്ട് സമഗ്ര ശിക്ഷ, കേരളം എന്ന പദ്ധതി രൂപീകരിച്ചതിന്‍റെ ഭാഗമായി പ്രീ-പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള വിവിധ ഘടകങ്ങള്‍ ഒരു കുടക്കീഴിലാകുന്നു എന്ന സവിശേഷതയുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്ന വിദ്യാലയ മികവ് വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കാന്‍ സമഗ്ര ശിക്ഷയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും. വിവിധ വിദ്യാഭ്യാസ പരിശീലന പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും അക്കാദമിക സ്ഥാപനങ്ങളും ഒരു കുടക്കീഴിലാകുന്നതോടെ മെച്ചപ്പെട്ട പദ്ധതി നിര്‍വഹണത്തിനുള്ള അവസരമാണ് നിലവില്‍ കൈവന്നിരിക്കുന്നത്. എസ്എസ്.എ കഴിഞ്ഞ വര്‍ഷമാരംഭിക്കുകയും തുടരുകയും ചെയ്തുകൊണ്ടിരിക്കുന്ന വിവിധങ്ങളായ പരിശീലന പരിപാടികളില്‍ മലയാളത്തിളക്കവും, ഹലോ ഇംഗ്ലീഷും, ഗണിതവിജയവും ഇതിനോടകം ജനകീയമായി മാറി. ക്ലാസ് ലൈബ്രറിയും ഗണിതലാബും ശാസ്ത്ര കൗതുകവും ശാസ്ത്രലാബും ശാസ്ത്രപാര്‍ക്കും ജൈവവൈധ്യ ഉദ്യാനവുമൊക്കെ എസ്.എസ്.എ. നടപ്പിലാക്കി വിജയിപ്പിച്ച അഭിമാന പദ്ധതികളാണ്. ഈ പദ്ധതികള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് കാര്യക്ഷമമായി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സമഗ്രശിക്ഷ നേതൃത്വം നല്‍കുന്നത്. ഇവ കൂടാതെ ശാലസിദ്ധി, ലാംഗ്വേജ് ലാബ്, കൗമാര വിദ്യാഭ്യാസം, സെല്‍ഫ് ഡിഫന്‍സ് ട്രെയിനിംഗ് തുടങ്ങി നിരവധി നവീന പദ്ധതികള്‍ ക്വാളിറ്റി ഇന്‍റര്‍വെന്‍ഷനുകളുടെ ഭാഗമായി ഇക്കൊല്ലം ആരംഭിക്കാന്‍ പോകുന്നു. പ്രീപ്രൈമറി വിദ്യാഭ്യാസ മേഖലയിലും സമഗ്ര പദ്ധതികള്‍ നടപ്പിലാക്കുന്നു. പ്രീ പ്രൈമറി അധ്യാപകരുടെ ശാക്തീകരണം, പ്രീ പ്രൈമറി കുട്ടികളുടെ അടിസ്ഥാനശേഷി വികസനം എന്നിവ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. പി.ഇ.സി.കളും, എസ്.എം.സി.കളും കാര്യക്ഷമമായി നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി വരുന്നു. ഐ.ഇ.ഡി മേഖലയുമായി ബന്ധപ്പെട്ട് ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വേഗത്തില്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ക്ക് സമഗ്ര ശിക്ഷാ കേരളം രൂപം നല്‍കി കഴിഞ്ഞു. ഇത്തരത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മണ്ഡലത്തെ കരുത്താര്‍ജിപ്പിക്കുന്നതിനും, കാര്യക്ഷമമാക്കുന്നതിനും അതിജീവനത്തിനും കരുതലിനുമായുള്ള നവകേരള നിര്‍മ്മിതിക്കായി സംസ്ഥാന സര്‍ക്കാരിനൊപ്പം സമഗ്രശിക്ഷയും കൂടെയുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാവരുടെയും സഹകരണം ഉറപ്പാക്കിക്കൊണ്ട് ഏറ്റവും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ നമുക്ക് സാധിക്കും.